മാസപ്പടിക്കേസിൽ ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്. ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് പ്രതികരിച്ച ഷോൺ ജോർജ്, കേസിൽ പിണറായി വിജയൻ തന്നെ ആണ് പ്രധാന പ്രതിയെന്നും ആരോപിച്ചു.
പിണറായി വിജയൻ കേരളത്തിൻ്റെ തീരത്തെ ആണ് വിൽപ്പന നടത്തിയത്. കേരള പൊലീസ് എത്രയും പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യണം. ഇഡിയുടെ കത്ത് പ്രകാരമുള്ള കുറ്റങ്ങൾ രജിസ്റ്റർ ചെയ്യണം. എത്രയും പെട്ടെന്ന് പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് അഭ്യർത്ഥിക്കുന്നതായും ഷോൺ ജോർജ് പറഞ്ഞു. എംഎൽഎ സ്ഥാനത്തുനിന്ന് പിണറായി വിജയൻ്റെ രാജി വാങ്ങണം. ക്യാബിനറ്റ് റാങ്കിൽ ഉള്ള ആളാണ് പിണറായി വിജയൻ. ആ സ്ഥാനത്ത് ഒരു കൊള്ളക്കാരൻ ഇരിക്കാൻ പാടില്ല. അഴിമതിക്കാരൻ ആണ് പിണറായി വിജയൻ എന്നും ഷോൺ ജോർജ് ആരോപിച്ചു.