കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കത്രിക്കടവിലുള്ള അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഇവിടെ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിച്ച അന്‍പതോളം ആളുകള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. വയറുവേദന, ഛര്‍ദ്ദി, പനി, വയറിളക്കം എന്നിവയെത്തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീകേഷ് സ്ഥിരീകരിച്ചു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.