ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി
May 25, 2026, 16:55 IST
ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ പതിനേഴ് പേരാണ് കേസിലെ പ്രതികള്‍.ഈ മാസം 18 മുതല്‍ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ മൂന്ന് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കി. പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു. കേസ് നിലവിലെ കോടതിയില്‍നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നത്.