ഷുക്കൂര്‍ വധക്കേസ്: വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി

 

 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. സാക്ഷികള്‍ എത്താതിരുന്നതാണ് കോടതിയില്‍ തിരിച്ചടിയായതെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷുക്കൂര്‍ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ല. വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു. സാക്ഷികള്‍ ഭയന്ന് കോടതിയില്‍ വരാതിരുന്നതാണ് കേസില്‍ തിരിച്ചടിയായത്. പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.