ഇ എൻ സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ; പരാതികൾ ലഭിച്ചിട്ടില്ലെന്ന് ചെന്താമരാക്ഷൻ

 

 

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി മുൻപ് ഒതുക്കി തീർത്തെന്നാണ് വിവരം. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഇതിനകം തന്നെ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാന ചലനം ഉണ്ടായിട്ടുള്ളത്.

പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എൻ സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടേത് ഉൾപ്പെടെ പരാതികൾ മാധ്യമ വാർത്തകൾ മാത്രമാണെന്നും പാലക്കാട്‌ വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.