അംബേദ്കർ നേരിട്ടതിന് സമാനമായ അധിക്ഷേപം; നദ്ദയോട് നടപടി ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ

 

 

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് നിർദ്ദേശിക്കണമെന്ന് രാജ്യസഭാ നേതാവ് ജെപ. നദ്ദയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവം നടന്ന് 24 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ തയ്യാറായിട്ടില്ലെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജ്യസഭയിൽ നദ്ദ നൽകിയ ഉറപ്പ് ഓർമ്മിപ്പിച്ചാണ് ഖാർഗെ കത്തയച്ചത്.ഓഗസ്റ്റ് എട്ടിനായിരുന്നു ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനം നടന്നത്. ഖാർഗെ മടങ്ങിയതിന് തൊട്ടുപിന്നാലെ, വേദിയിൽ ചാണകവെള്ളം തളിച്ചും മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടത്തിയും വേദി 'ശുദ്ധീകരിച്ചു'. തുടർന്ന് ഓഗസ്റ്റ് 13-ന് രാജ്യസഭയിൽ ഈ വിഷയം താൻ കടുത്ത വേദനയോടെ ഉന്നയിച്ചപ്പോൾ, ഇത്തരം പ്രവണതകളെ ബിജെപി ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സഭാ നേതാവ് എന്ന നിലയിൽ ജെപി നദ്ദ ഉറപ്പുനൽകിയിരുന്നു.എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ക്രൂരവും ഭരണഘടനാ വിരുദ്ധവുമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു കേസ് പോലും എടുത്തിട്ടില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.