റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി

 

 

റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി. തട്ടിപ്പിൽ കമ്പനിയും പ്രതിയെന്നാണ് എസ്ഐ‌ടി പറയുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കളമശ്ശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് ഓഫിസിൽ എത്തിയത്. ബിനാമി ഇടപാടുകൾ തെളിഞ്ഞിട്ടുണ്ട് കേസിന്റെ ഭാഗമായി ഈ രേഖകൾ കണ്ടെടുക്കണം. ചാനൽ ഡെസ്കിന്റെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നും എസ്ഐടി വിശദീകരണം നൽകി.

അതേ സമയം, റെയ്ഡുമായി റിപ്പോർട്ടർ ടിവി സഹകരിച്ചില്ലെന്നും അഡ്മിൻ ഓഫീസ് തുറന്നു തരാൻ വിസമ്മതിച്ചെന്നും വിമർശിച്ച് തൃക്കാക്കര എസിപി രംഗത്തെത്തി. ബന്ധപ്പെട്ട ഓഫീസർമാരെ വിളിച്ചിട്ടും നടപടി എടുത്തില്ല. പരിശോധിക്കേണ്ട ഓഫീസ് തുറന്നു തരാൻ ജീവനക്കാർ എത്തും എന്ന് പറഞ്ഞെങ്കിലും മണിക്കൂറുകൾ ആയിട്ടും വരുന്നില്ല. ന്യൂസ് ഡെസ്കിൽ കയറിയത് ബിൽഡിങ്ങിന്റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണെന്നും എസിപി പറഞ്ഞു. പരിശോധന തുടങ്ങുന്നതിനു വേണ്ടിയാണ് വിവരങ്ങൾ അറിയാൻ ന്യൂസ് ഡെസ്കില്‍ എത്തിയത്.

മെസിയുടെ പേരിലെ തട്ടിപ്പിൽ കേസെടുത്ത എസ്ഐടി, ആന്റോ അഗസ്റ്റ്യനെയും ജോസ് കുട്ടി അഗസ്റ്റിനെയും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ വെച്ചാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. സ്പോൺസർഷിപ് വന്ന വഴി, സർക്കാർ അനുമതിക്ക് മുമ്പേ അർജന്റീനയുമായുള്ള കരാർ ഒപ്പിട്ടത്, കലൂർ സ്റ്റേഡിയം കരാർ ഇല്ലാതെ കൈവശം വെച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ചാണ് വിശദമായ ചോദ്യം ചെയ്യൽ.