എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പിണറായി വിജയൻ
തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഏറ്റവും ശക്തമായി യുഡിഎഫ് ഉപയോഗിച്ച വാളാണ് വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവന. മലപ്പുറം പരാമർശത്തെ സിപിഎമ്മോ പിണറായി വിജയനോ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്ന വിമർശനം അണികളിൽ നിന്നുണ്ടായി. ഇതിനെയാണ് പിണറായി വിജയൻ തന്നെ നേരിട്ട് ആലുപ്പഴയിൽ വച്ച് തിരുത്തിയിരിക്കുന്നത്. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ പിണറായി വിജയൻ വിമർശിച്ചു. എസ്എൻഡിപി അണികളിൽ ഭൂരിപക്ഷവും മതേതര മനസ്സുള്ളവരാണ് എന്നാൽ നേതൃത്വം സംഘപരിവാർ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായിയുടെ റിപ്പോർട്ടിംഗ്. അപ്പോഴും വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ റിപ്പോർട്ടിംഗ്. എസ് എൻ ഡിപി നേതൃത്വത്തെ വിമർശിക്കാൻ എൻ എസ് എസ് നേതൃത്വത്തെ താരതമ്യം ചെയ്തതും ശ്രദ്ധേയം. എൻഎസ്എസ് നേതൃത്വം മതേതര നിലപാടിലാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു എസ് എൻ ഡി പി നേതൃത്വത്തിനെതിരെയുള്ള വിമർശനം. എന്നാൽ എൻ എസ് എസ് അണികളിൽ ഭൂരിപക്ഷവും വർഗീയ ചേരിയിൽ അണിനിരന്നു കഴിഞ്ഞെന്നും പറഞ്ഞ് എസ് എൻ ഡിപി അണികളെ ഒപ്പം നിർത്താനും പിണറായി ശ്രമിക്കുന്നു. വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരുത്തലിന് ആലപ്പുഴയിൽ തയ്യാറായി എന്നത് ശ്രദ്ധേയമാണ്..