സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചു ദില്ലി ഹൈക്കോടതിയിൽ ഹർജി

 

 

ദില്ലിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചു ദില്ലി ഹൈക്കോടതിയിൽ ഹർജി. നിരാഹാര സമരം 18-ാം ദിവസം പ്രവേശിച്ചതിനിടെ, സോനം വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി വഷളാകുകയാണെന്നും ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിനും ദില്ലി സർക്കാരിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി എത്തിയത്. സോനം വാങ്ചുക്കിൻ്റെ അഭിഭാഷകനായ രാകേഷ് കുമാർ സെയ്നി ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം കൂടി സമരം തുടർന്നാൽ വാങ്ചുക്കിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ പറയുന്നു.

സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാനായി ആവശ്യമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ പാനീയം നൽകണമെന്നും ഹർജിയിൽ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെ പോലെയോ ഭീകരനെ പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെ പോലെയോ ആണ് പരിഗണിക്കുന്നത്. അധികൃതർ വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമാണ്, ഓരോ പൗരൻ്റെയും ജീവനും ആരോ​ഗ്യവും സംരക്ഷിക്കാൻ സ‍ർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.