കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീം കോടതി
ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീം കോടതി. പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ പോഷകഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (Front-of-Package Nutrition Labelling - FOPNL) സംവിധാനം ഫലപ്രദമായി നടപ്പാക്കാനാണ് സുപ്രീം കോടതി നിർദേശം. ഇവ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) സുപ്രീം കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിർദേശം നൽകിയത്. ഓരോ മുന്നറിയിപ്പ് ലേബലും ചുവന്ന ഷഡ്ഭുജാകൃതിയിൽ (Red Hexagon) ആയിരിക്കണം. ഓരോ ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബലിലും ആശങ്കയ്ക്കിടയാക്കുന്ന പോഷകഘടകത്തെ സൂചിപ്പിക്കുന്ന ഒരു ഏകീകൃത ചിത്രരൂപം (Standard Pictorial Representation) ഉണ്ടായിരിക്കണമെന്നും അതിനൊപ്പം ബന്ധപ്പെട്ട മുന്നറിയിപ്പ് വാക്കുകൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. അതായത്, 'ഉയർന്ന കൊഴുപ്പ്', 'ഉയർന്ന പഞ്ചസാര' അല്ലെങ്കിൽ 'ഉയർന്ന ഉപ്പ്' എന്ന വാക്കുകൾ ലേബലിൽ ഉണ്ടായിരിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു.
പാക്കറ്റിന്റെ പ്രധാന പ്രദർശന പാനലിന്റെ വിസ്തീർണത്തിന് ആനുപാതികമായി ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബലിന്റെ വലുപ്പം നിശ്ചയിക്കണമെന്നും, അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി ഓരോ ഷഡ്ഭുജവും പ്രസ്തുത പാനലിന്റെ 4 മുതൽ 5 ശതമാനംവരെ വിസ്തീർണം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയിൽ ഒന്നിലധികം ഘടകങ്ങൾ അനുവദനീയമായ പരിധിയിൽ കൂടുതലാണെങ്കിൽ ഓരോ ഘടകത്തിനും പ്രത്യേകം ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബൽ നൽകണം. ഒന്നിലധികം പോഷകഘടകങ്ങളെ ഉൾപ്പെടുത്തി ഒറ്റ മുന്നറിയിപ്പ് ചിഹ്നം നൽകുന്നത് മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി.