പ്രത്യേക പാര്‍ലമെന്റ് സമ്മേളനം; നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പും ഇന്ന്
മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍. പ്രതിപക്ഷ നിരയില്‍ നിന്ന് ആരൊക്കെ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ആകാംക്ഷ. നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗവും പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗവും ഇന്നാണ്.
വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. തിങ്കളാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും ചേരും. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് അംഗീകാരം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര വാദം. എന്നാല്‍, ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ എന്‍ഡിഎയ്ക്ക് പുറത്ത് നിന്ന് ലഭിക്കുന്ന വോട്ടുകള്‍ സര്‍ക്കാരിന് നിര്‍ണായകമാണ്.