പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു.ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.