മണിപ്പൂരിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

 

മണിപ്പൂരിൽ പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 5:59-ഓടെ മണിപ്പൂരിലെ കാംജോങ്ങ് കേന്ദ്രമായാണ് ഭൂമി കുലുങ്ങിയത്. ഭൂമിക്കടിയിൽ 62 കിലോമീറ്റർ താഴ്ചയിലായിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം.

പുലർച്ചെയുണ്ടായ പ്രകമ്പനത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിലവിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാലെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുണ്ടായ ഈ ചലനം ജനങ്ങളിൽ ചെറിയ തോതിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ മേഖലകൾ അതീവ ജാഗ്രതയിലാണ്. എന്നാൽ മണിപ്പൂരിലെ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.