നിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തി; KMSCL ക്വാളിറ്റി കണ്ട്രോൾ വിഭാഗം നിർത്തലാക്കി

 

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് നടപടി. കെ.എം.എസ്.സി.എൽ വഴി സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളിൽ ചിലതിന് നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ഇനി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ചുമതല ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന് നൽകും. പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനായി ജീവനക്കാരുടെ കുറവ് താത്കാലിക നിയമനത്തിലൂടെ പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെ.എം.എസ്.സി.എൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ചില മരുന്നുകൾക്ക് നിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിലവിൽ കെ.എം.എസ്.സി.എൽ വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ചിരുന്നത് കോർപ്പറേഷന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗമായിരുന്നു.