സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ച് സുപ്രീം കോടതി

 

 

സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ച് സുപ്രീം കോടതി. എന്നാൽ, ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒരു വർഷത്തെ തീവ്രപരിശീലനവും തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പും നിർബന്ധമാക്കി. ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രധാന കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർ ആദ്യം ബന്ധപ്പെട്ട സംസ്ഥാനത്തെ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ തീവ്രപരിശീലനം നേടണം. തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പ് പൂർത്തിയാക്കണം. ഇതിൽ ആദ്യ ആറുമാസം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെയോ ഹൈയർ ജുഡീഷ്യൽ സർവീസിലെ അംഗങ്ങളുടെയോ കീഴിൽ ആയിരിക്കും. അടുത്ത ആറു മാസം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ കീഴിലായിരിക്കും ക്ലർക്ക്ഷിപ്പ്.

മൂന്ന് വർഷത്തെ നിയമപരിചയമെന്ന മുൻ ഉത്തരവിൽ നിർദേശിച്ചിരുന്ന വ്യവസ്ഥയിലെ ബാക്കി രണ്ട് വർഷത്തിന് പകരമായാണ് പരിശീലനവും ക്ലർക്ക്ഷിപ്പും കണക്കാക്കുക. 2025 മേയ് 20 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ അപേക്ഷിക്കുന്നവർക്ക് അഭിഭാഷക വൃത്തിയിൽ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഒരു വർഷത്തേക്ക് ട്രെയിനി ജുഡീഷ്യൽ ഓഫീസർമാരായി മാത്രമേ നിയമിക്കൂ. തുടർന്ന് ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം.