സി.ബി.എസ്.ഇ.ക്ക് സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്

 

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും (സി.ബി.എസ്.ഇ.) റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നുള്ള വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ മൻമോഹൻ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

‘ഇതൊരു കുട്ടിയുടെ ഭാവി സംബന്ധിച്ച കാര്യമാണ്. ഫലം വൈകിയാൽ പ്രവേശനത്തിനുള്ള എല്ലാ അവസരങ്ങളും നഷ്ടമാകും’- കേസ് പരിഗണിക്കവെ കോടതി സി.ബി.എസ്.ഇ. അഭിഭാഷകനോട് വാക്കാൽ നിരീക്ഷിച്ചു. വിഷയത്തിൽ അടിയന്തരമായി നിർദേശങ്ങൾ തേടാനും ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണയ പദ്ധതി തയ്യാറാക്കിയിട്ടും തന്റെ ഫലം പ്രഖ്യാപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രാൻസു ജിഗർകുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫലം പ്രഖ്യാപിക്കാത്തത് തന്റെ ഉപരിപഠന സാധ്യതകളെയും പ്രവേശന അവസരങ്ങളെയും ബാധിച്ചതായി ഹർജിയിൽ പറയുന്നു.

ഇറാൻ-ഇസ്രായേൽ-യു.എസ്. സംഘർഷത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ ഏഴ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്ലസ് ടു ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ. റദ്ദാക്കിയിരുന്നത്.

സൗദിയിലെ അൽ ജുബൈലിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലാണ് പ്രാൻസു പ്രൈവറ്റ് സ്ഥാനാർത്ഥിയായി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 17, 21, 30 തീയതികളിൽ സി.ബി.എസ്.ഇ.ക്ക് നിവേദനങ്ങൾ നൽകിയിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.