സിജെപി പ്രക്ഷോഭത്തിൽ വിദ്യാർഥിക്കെതിരെ നടപടിയെടുത്തതിൽ സുപ്രീം കോടതി

 

 

സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സർവ്വകലാശാല വിദ്യാർഥിക്കെതിരെ നോട്ടീസ് അയച്ച ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ സുപ്രീം കോടതി നേരത്തെ റദ്ദാക്കുകയും വിദ്യാർഥികൾക്കെതിരെ യാതൊരുവിധ അച്ചടക്ക-ശിക്ഷാ നടപടികളും പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരിക്കെ, നോട്ടീസയക്കാൻ ഒരു മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യയാണ് ഈ വിഷയം വാക്കാൽ ഉന്നയിച്ചത്.ഗൗതം ബുദ്ധ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്കെതിരെയാണ് ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നോട്ടീസ് അയച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സഹപാഠികളെ പ്രേരിപ്പിച്ചെന്ന നോയിഡ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.സമാധാനാന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പുനൽകി 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ പ്രധാന നിർദ്ദേശം. പിന്നീട് മാധ്യമവാർത്തകൾ വന്നതോടെ അധികൃതർ ഈ നോട്ടീസ് പിൻവലിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.