ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
ഡൽഹിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ 2012-ലെ നിർഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ച് സുപ്രീം കോടതി. തലസ്ഥാന മേഖലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ പീഡനക്കേസുകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയിൽനിന്ന് ഡൽഹിയിലേക്കുള്ള ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം 2012-ലെ നിർഭയ ദുരന്തത്തിന് സമാനമായ വേദനയുണർത്തുന്നതാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഡൽഹി സ്വരൂപ് നഗറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച സംഭവവും ഓടുന്ന ബസിലെ പീഡനവുമടക്കം മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ. യാത്രക്കിടയിൽ വാഹനം തടയാൻ പോലും പൊലീസിന് സാധിച്ചില്ലെന്നത് ഞെട്ടിക്കുന്ന വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ വ്യവസ്ഥാപിത നിയമപാലന സംവിധാനങ്ങൾക്ക് അർത്ഥവത്തായ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാതലായ ചോദ്യമാണ് ഈ സംഭവങ്ങൾ വീണ്ടും ഉയർത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനപരമായ പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരും ഭരണസംവിധാനങ്ങളും നേരിട്ട സമ്പൂർണ്ണ പരാജയമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.