ദില്ലിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടും- സുപ്രീം കോടതി
ദില്ലിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ സ്റ്റേഷൻ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബാർ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്.
സിജെപി സമരം ശക്തിപ്പെട്ടതോടെയാണ് ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയത്. 16 മെട്രോസ്റ്റേഷനുകളാണ് ഇന്നും അടച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്ദറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ദില്ലിയിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മെട്രോ സ്റ്റേഷൻ അടച്ചതോടെ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ 10 മലയാളി വിദ്യാർഥികളാണ് മണ്ഡി ഹൗസ് മെട്രോ സ്റ്റേഷൻ അകത്ത് കുടുങ്ങിയത്. പ്രിൻസിപ്പാൾ അടക്കമെത്തി വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
ഒന്നര മണിക്കൂറോളം നീണ്ട അനിശ്ചിതത്തിനൊടുവിൽ വിദ്യാർഥികളെ പിന്നീട് മറ്റൊരു ഗേറ്റ് വഴി പൊലീസ് പുറത്തിറക്കി. വിദ്യാർഥികൾക്കൊപ്പം സ്കൂളിലെ സ്റ്റാഫും ഉണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അടക്കം സംസാരിച്ച് ശേഷമാണ് വിദ്യാർഥികളെ പുറത്തിറക്കാനായത്.