എസ്‌ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

 

എസ്‌ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ എസ് ഐ ആര്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.എസ്‌ഐആറിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും വിവിധ സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജികളില്‍ കഴിഞ്ഞ നവംബര്‍ മുതലാണ് വാദം ആരംഭിച്ചത്. കഴിഞ്ഞ ജനുവരി 29 നാണ് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പറയാനായി മാറ്റിയത്.

എസ്‌ഐആര്‍ നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്.