തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ
തമിഴ് തായ് വാഴ്ത്ത് പ്രമേയം തമിഴ്‌നാട് നിയസഭ ഏകകണ്ഠമായി പാസാക്കി. എല്ലാ പരിപാടികളിലും ഇനിമുതല്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആദ്യം പാടണമെന്നതാണ് പ്രമേയം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്.
വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്താണ് തമിഴ്‌നാടിന്റെ പ്രമേയം. അമ്മയെ പോലെയാണ് തമിഴെന്നും അതിനും മുകളിലാണ് തമിഴ്തായ് വാഴ്ത്തിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു. സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തിനെ പറ്റി, കേന്ദ്രം ഇറക്കിയ പുതിയ നിര്‍ദേശത്തില്‍ പരാമര്‍ശം പോലുമില്ല. ഒരു കാരണവശാലും തമിഴിന്റെ അഭിമാനം അടിയറവെക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.1970 ലാണ് തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തമിഴ് തായ് വാഴിത്തിന്റെ കാര്യത്തില്‍ മുന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ സര്‍ക്കാറും തമ്മില്‍ നേര്‍ക്ക് നേര്‍ യുദ്ധമായിരുന്നു. പല തവണ നിയമസഭയില്‍ നിന്നും ഗവര്‍ണര്‍ ഇറങ്ങിപ്പോയതും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടിയതിന്റെ പേരിലായിരുന്നു. കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിന് ശേഷം നടത്തിയ ടിവികെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേ മാതരം ആദ്യം പാടിയതും വിവാദമായിരുന്നു. ലേക്ഭവന്‍ നടത്തിയ പരിപാടി ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും തമിഴ് തായ് വാഴ്ത്തിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി സി ജോസഫ് അന്നു തന്നെ പ്രതികരിച്ചിരുന്നു.