പത്താമത് 'എക്സ്പോഷർ' ഫെസ്റ്റിവൽ ജനുവരി 29 മുതൽ

 

ക്യാമറക്കണ്ണുകളിലൂടെ വിസ്മയങ്ങളുടെ പുതിയ ലോകം തുറന്ന് പത്താമത് എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രഫി ഫെസ്റ്റിവൽ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ ഷാർജയിലെ അൽജാദയിൽ നടക്കും.
പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ഒപ്പിയെടുത്ത ആസ്ട്രോ ഫൊട്ടോഗ്രഫി മുതൽ നഗ്നനേത്രങ്ങൾക്കും അപ്പുറത്തെ സൂക്ഷ്മലോകം വരെ അനാവരണം ചെയ്യുന്ന എമിറാത്തി ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയുടെ മുഖ്യ ആകർഷണമാകും. യൂസഫ് അൽ ഖാസിമി, റാഷിദ് അൽ സുമൈത്തി, ഗാദ അൽ ഖാസിമി എന്നീ മൂന്ന് പ്രതിഭകളുടെ വേറിട്ട കാഴ്ചപ്പാടുകളാണ് ഇത്തവണ ഷാർജയിൽ പ്രദർശിപ്പിക്കുന്നത്.

∙ ആകാശവിസ്മയങ്ങൾ തേടി യൂസഫ് അൽ ഖാസിമി

രാത്രികാല ആകാശത്തിന്റെ വശ്യത ഒപ്പിയെടുക്കുന്നതിൽ ശ്രദ്ധേയനാണ് യൂസഫ് അൽ ഖാസിമി. നക്ഷത്രസമൂഹങ്ങളെയും ഗാലക്സികളെയും തേടിയുള്ള ഇദ്ദേഹത്തിന്റെ യാത്രകൾ അവിശ്വസനീയമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. ആസ്ട്രോ ഫോട്ടോഗ്രഫിക്ക് പുറമെ, പേമാരിയും ഇടിമിന്നലും തേടിപ്പോകുന്ന 'സ്റ്റോം ചേസർ' കൂടിയാണ് ഇദ്ദേഹം.

ഷാർജയിലെ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പെട്രോൾ പമ്പിന് മുകളിൽ ഉൽക്കാവർഷം പെയ്യുന്ന അപൂർവ്വ ചിത്രം ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ശ്രദ്ധേയമായ ഒന്നാണ്. 'ദ് സ്കൈ - വിത്തിൻ ആൻഡ് ബിയോണ്ട്' എന്ന വിഭാഗത്തിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക.