ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: സന്ദീപ് വാര്യർ
ഭാരതീയ ജനതാ പാർട്ടി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല 'ഗുജറാത്തി കമ്പനി'യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയത്.രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ബിജെപി ഇന്നൊരു 'ഗുജറാത്തി പാർട്ടി' അല്ലെങ്കിൽ ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലെ കേന്ദ്ര ഭരണമെന്ന് കുറിപ്പിൽ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബി.ജെ.പി കാണിക്കുന്നത്. പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്ത പുച്ഛമാണെന്നും, കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ഹിന്ദിയിൽ മാത്രം നിശ്ചയിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ മനഃപൂർവ്വം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.