തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തടവ് ശിക്ഷ, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും പിഴയും
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക് മൂന്ന് വർഷം വീതം തടവും ഗൂഢാലോചനയ്ക്ക് ആറ് മാസം തടവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം പതിനായിരം രൂപ പിഴയും അടയ്ക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളി.
നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഈ കേസിൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു അഭിഭാഷകനും കോടതി ജീവനക്കാരനും ചേർന്ന് നടത്തിയ അട്ടിമറിയാണ് തെളിയിക്കപ്പെട്ടത്. 1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ചരസ് ഒളിപ്പിച്ചു കടത്തിയ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ, കോടതി കസ്റ്റഡിയിലിരുന്ന അടിവസ്ത്രം വെട്ടിചെറുതാക്കി കൃത്രിമം കാണിച്ചെന്നാണ് കേസ്. ഈ കൃത്രിമം കാരണം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലർക്ക് ജോസിന്റെ സഹായത്തോടെയാണ് ഇത് ചെയ്തതെന്ന് കോടതി കണ്ടെത്തി.