സ്ഥലം മാറ്റത്തിന് പിന്നാലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ്

 

 

സ്ഥലം മാറ്റത്തിന് പിന്നാലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഫ്എസ്ഇടിഒ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് പിണറായി സർക്കാറിനെതിരെ രം​ഗത്തെത്തിയത്. സാധാരണ പ്രക്ഷോഭമായി കണക്കാക്കാൻ പറ്റില്ലെന്നും അന്യായമായ സ്ഥലംമാറ്റം ഏത് രീതിയിൽ ജീവനക്കാരെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഇതിനകം കേരളത്തിൽ ഈ രംഗത്ത് സംഭവിച്ചിട്ടുള്ള മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉദ്യോഗസ്ഥർ കുറേക്കാലമായി സംതൃപ്തരായിരുന്നു. സ്ഥലംമാറ്റം കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നത്. ഇപ്പോൾ ആ മാനദണ്ഡങ്ങളെല്ലാം പൂർണമായും ഒഴിവാക്കിയിരിക്കുന്നു. ഒരു മാനദണ്ഡവും പാലിക്കേണ്ടതില്ല എന്ന ഹുങ്കാണ് ഈ അവസ്ഥയ്ക്ക് കാരണം. അവർക്ക് വേണ്ട രീതിയിൽ കാര്യങ്ങൾ നടത്താൻ മാനദണ്ഡങ്ങൾ തടസ്സമാണെന്നുള്ളതാണ് ഇതിന് ഇടയാക്കിയത്. പതിനായിരക്കണക്കിനാളുകളിൽ തോന്നിയപോലെ സ്ഥലം മാറ്റുന്ന പ്രവണതയാണ് ഇപ്പോൾ. ഹെൽത്ത് ഇൻസ്പെക്ടർ ദീപ അതിന്റെ ഇരയാണ്. കാസർകോട്ട് ആശാലത അവർ തന്നെ ജീവനെടുക്കുന്ന നിലയാണ് ഉണ്ടായത്. അതിനിടയാക്കിയത് സ്ഥലം മാറ്റം ആണെന്ന വാർത്തകൾ പുറത്തുവരുന്നു. എന്തിന്റെ പേരിലാണ് ഇതെല്ലാം നടക്കുന്നതെന്നും അദ്ദേ​ഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ ഭരണാനുകൂല സംഘടന അവരുടെ ലെറ്റർ പാഡിൽ സ്ഥലം മാറ്റേണ്ടവരുടെയും ലിസ്റ്റ് എഴുതി കൊടുത്തു. ഉദ്യോഗസ്ഥർ അത് കാണിച്ചു ഉത്തരവിടുന്നു. ഒട്ടേറെ അഴിമതിയുമായി ബന്ധപ്പെട്ട കഥകളാണ് പുറത്തുവരുന്നത്. എന്തിനാണ് സിവിൽ സർവീസ് മേഖലയെ ഇങ്ങനെ അസംതൃപ്തമാക്കുന്നത്. ഇതിനെല്ലാം ഇടയാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരും മുഖ്യമന്ത്രിയും ഈ കാര്യത്തിൽ സ്വീകരിക്കുന്നത് പ്രത്യേക മനോഭാവമാണ്. മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു സ്ഥലം മാറ്റം ഇനിയും ഉണ്ടാകുമെന്ന്. എന്താണ് ഇത്തരം ഭീഷണികളുടെ അർത്ഥം. സിവിൽ സർവീസിന്റെ രക്ഷാധികാരിയായി ഇരിക്കേണ്ട മനുഷ്യൻ സിവിൽ സർവീസ് മേഖലയെ കഷ്ടതയിലാക്കാൻ നോക്കുന്നു. ദീപയുടെയും ആശാലതയുടെയും കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണം. ഒരിടത്തും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഭരണാനുകൂല സംഘടനയായാൽ എന്തുമാകാം എന്ന നില ഉണ്ടാക്കാൻ പാടില്ലെന്നും പിണറായി പറഞ്ഞു.