കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങള്‍ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാനെന്ന് കെ കെ രാഗേഷ്

 

 

കണ്ണൂര്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങള്‍ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാനെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ടി ഐ മധുസൂദനനെ മാറ്റിയാല്‍ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ ശരിയെന്നു പ്രചരിപ്പിച്ചേനെയെന്നും രാഗേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച ആരോപിച്ച് പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കുള്ള എല്‍ഡിഎഫ് മാര്‍ച്ചിലാണ് പ്രതികരണം.

ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന വെല്ലുവിളിയും കെ കെ രാഗേഷ് നടത്തി. പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന്റെ അടിയിലുള്ളതെല്ലാം മാന്തിയെടുക്കാന്‍ ശേഷിയുള്ളതാണ് പയ്യന്നൂരിലെ പാര്‍ട്ടി എന്ന് മനസിലാക്കിക്കോളൂ. തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ടു എന്നത് കൊണ്ട് പയ്യന്നൂരിലെ പാര്‍ട്ടി ആകെ അങ്ങ് തീര്‍ന്നു പോയി എന്ന് ആരും വിചാരിക്കണ്ട. ഒരു പീറ ഷെഡ് കൊണ്ട് പോയി കത്തിച്ചിട്ട് പത്രസമ്മേളനം നടത്തിയിട്ട് പറയുകയാണ് ഇത് ചെയ്തത് ടി ഐ മധുസൂദനനാണെന്ന്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പയ്യന്നൂര്‍ എംഎല്‍എ കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണിപ്പോള്‍. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്. നടപടിയെടുത്താല്‍, പിടികൂടിക്കഴിഞ്ഞാല്‍ ആളാരാണെന്ന് കണ്ടുപിടിക്കപ്പെടുമെന്ന ഭയമാണോ – അദ്ദേഹം പറഞ്ഞു.