വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പിണറായി വിജയൻ
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ പ്രശ്നബാധിതർ തീർത്തും അരക്ഷിതരാണ്. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികൾ പകർത്തി പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ല. പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു.
അന്ന് കുറ്റം മുഴുവൻ സംസ്ഥാന സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികൾ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നത്. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് 1972-ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനങ്ങളുടെ പൂർണ്ണ അധികാരത്തിലായിരുന്ന ഈ വിഷയം കൺകറന്‍റ് ലിസ്റ്റിലേക്ക് മാറ്റിയതും അക്കാലത്താണ്. ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം പാർലമെന്‍റ് പാസാക്കിയ ഈ നിയമത്തിലെ 11(1) എ വകുപ്പും, അതുപ്രകാരമുള്ള കർശന നിയന്ത്രണങ്ങളുമാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി.