മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ ഫലംകണ്ടു; 16.5കോടി സമാഹരിച്ചു
സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകൾ മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ ഫലംകണ്ടു. കാരുണ്യം നിറഞ്ഞ മനസ്സുകൾ കൈകോർത്ത് ചികിത്സയ്ക്കായി വേണ്ട പതിനാറര കോടി സമാഹരിച്ചു. സേവ് ബേബി മിയ ക്യാംപെയ്നുവേണ്ടി രൂപീകരിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
സേവ് ബേബി മിയ കാമ്പെയ്‌നിനൊപ്പം നിന്ന എല്ലാവർക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിങ്ങളുടെ സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാൻ സഹായിച്ചു. ഈ വിജയം നിങ്ങളിൽ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി.- എന്ന് കുറിപ്പിലുണ്ട്.
മിയയുടെ സന്ദേശമായും ഹൃദ്യമായ കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവസരം നൽകിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു.-എന്നാണ് കുറിച്ചത്.
നിങ്ങളുടെ പ്രാർത്ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓർക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയിൽ നടക്കാനും പൂർണ്ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളർന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാർത്ഥിക്കണമെന്ന് കുറിപ്പിലുണ്ട്.