സംരംഭകർക്കൊപ്പം സർക്കാറുണ്ട്; വ്യവസായികൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക വാട്സാപ്പ് സന്ദേശം
ഡാറ്റ ചോർച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ സംസ്ഥാനത്തെ വ്യവസായികൾക്ക് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള സന്ദേശം. 'ചീഫ് മിനിസ്റ്റർ ഓഫീസ് കേരള' എന്ന ഔദ്യോഗിക വാട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് നിക്ഷേപകർക്ക് സന്ദേശം ലഭിച്ചത്. "നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്, സംരംഭകർക്കൊപ്പം സർക്കാറുണ്ട്" എന്ന പോസ്റ്ററും സന്ദേശത്തിനൊപ്പമുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെ സ്വന്തം നാടായി മാറിയെന്നും വ്യവസായ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ സംരംഭകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു. വ്യവസായ വകുപ്പിന് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങളും സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം, സന്ദേശം അയക്കുന്നതിനായി വ്യവസായികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'കെ-സ്മാർട്ട്' വഴിയാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ല. ഡാറ്റ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്കിടയിൽ ഇത്തരമൊരു നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമായിട്ടുണ്ട്.