സർക്കാർ തീയേറ്ററുകൾക്ക് സിനിമ നൽകില്ല; പുതുവത്സരം മുതൽ നിസഹകരണ സമരവുമായി ഫിലിം ചേംബർ
സിനിമാ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ജനുവരി ഒന്നുമുതൽ സർക്കാർ തീയേറ്ററുകളുമായി സഹകരിക്കേണ്ടെന്ന് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് തീരുമാനിച്ചു. കെ.എസ്.എഫ്.ഡി.സി.യുടെ (KSFDC) കീഴിലുള്ള ഒരു തീയേറ്ററിനും പ്രദർശനത്തിനായി സിനിമകൾ നൽകില്ലെന്ന് ചേംബർ അറിയിച്ചു. സിനിമകളിൽ നിന്നുള്ള നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സിനിമാ വ്യവസായത്തെ സഹായിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഈ നിസഹകരണ സമരം.
പത്ത് വർഷത്തോളമായി സർക്കാരിന് മുന്നിൽ വെച്ച പല ആവശ്യങ്ങളിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. ജി.എസ്.ടി.ക്ക് പുറമെ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കുക, തീയേറ്ററുകൾക്ക് വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ. സർക്കാർ തീയേറ്ററുകൾ ബഹിഷ്കരിക്കുന്നത് സൂചന പണിമുടക്ക് മാത്രമാണെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ചേംബർ മുന്നറിയിപ്പ് നൽകി.
പുതുവർഷത്തിൽ റിലീസിനൊരുങ്ങുന്ന വലിയ ചിത്രങ്ങളെ ഈ തീരുമാനം ബാധിക്കാനിടയുണ്ട്. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ഫിലിം ചേംബർ ഭാരവാഹികൾ.