രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് 'ഇന്ത്യ' മുന്നണി താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചു

 

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്‌ഐആറിനുമെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് 'ഇന്ത്യ' മുന്നണി താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. തുടര്‍ച്ചയായ സമരങ്ങള്‍ കൊണ്ടുനടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഉത്സവ സീസണും കണക്കിലെടുത്ത് ദിവസേനയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പകരം ഇടയ്ക്കിടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് മാറാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി.

മുന്നണിയുടെ പ്രക്ഷോഭ വേദികള്‍ പിന്നീട് പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എന്നാല്‍, സമരങ്ങള്‍ക്ക് കൂടുതല്‍ ഇംപാക്ട് ലഭിക്കുന്നത് ഡല്‍ഹിയിലാണെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തല്‍. യോജിച്ചുള്ള പോരാട്ടം തുടരുമെന്ന് യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. മുന്നണി വരുംദിവസങ്ങളില്‍ ചില 'സര്‍പ്രൈസ് നീക്കങ്ങള്‍' നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജന്തര്‍മന്തറിലെ വിലക്കിനെ പ്രതിപക്ഷം നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.