ബി.ജെ.പിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ ജനുവരി 20-ന് പ്രഖ്യാപിക്കും; നിതിൻ നബിൻ സ്ഥാനമേറ്റെടുക്കാൻ സാധ്യത

 

ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ ജനുവരി 20-ന് പ്രഖ്യാപിക്കും. നിലവിൽ ദേശീയ വർക്കിങ് പ്രസിഡന്റ് ചുമതല വഹിക്കുന്ന നിതിൻ നബിനാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേര്. ജനുവരി 19-നകം നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ടതുണ്ട്. ബിഹാറിൽ നിന്ന് അഞ്ചുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട നിതിനെ കഴിഞ്ഞ ഡിസംബറിലാണ് ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. പാർട്ടിയിലെ തലമുറമാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.

ജെ.പി. നദ്ദ ദേശീയ പ്രസിഡന്റായ അതേ വഴിയിലൂടെയാണ് നിതിൻ നബിനും ഈ സ്ഥാനത്തേക്ക് എത്തുന്നത്. 2019-ൽ വർക്കിങ് പ്രസിഡന്റായ നദ്ദ, 2020 ജനുവരി 20-നാണ് അമിത് ഷായുടെ പിൻഗാമിയായി ചുമതലയേറ്റത്. അന്തരിച്ച മുതിർന്ന നേതാവ് നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ 45-കാരനായ നിതിൻ, ആർ.എസ്.എസ് പശ്ചാത്തലമുള്ള വ്യക്തിയാണ്. സംഘടനയുമായി അടുത്ത ബന്ധമുള്ള അദ്ദേഹം ബിഹാർ മന്ത്രിസഭയിൽ റോഡ് നിർമാണ, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ജനുവരി 19-ന് ആരംഭിക്കും. ബി.ജെ.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കെ. ലക്ഷ്മൺ പുതിയ പ്രസിഡന്റിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കുക. ഒന്നാമത്തെ സെറ്റിൽ തിരഞ്ഞെടുക്കപ്പെട്ട 20-ലധികം സംസ്ഥാന പ്രസിഡന്റുമാരുടെയും, രണ്ടാമത്തെ സെറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും ഒപ്പുകൾ ഉണ്ടായിരിക്കും. മൂന്നാമത്തെ സെറ്റിൽ ദേശീയ കൗൺസിൽ അംഗങ്ങളും ഒപ്പുവെക്കും.

റാഞ്ചിയിൽ ജനിച്ച നിതിൻ നബിൻ 2006-ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. പിതാവിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പട്ന വെസ്റ്റിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയം ആവർത്തിച്ചു. നിലവിൽ ബിഹാറിലെ നിതീഷ് കുമാർ സർക്കാറിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ബി.ജെ.പി ദേശീയ അധ്യക്ഷപദവിയിലേക്ക് എത്തുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമായി മാറും.