സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം
Aug 31, 2026, 12:41 IST
സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും. വൈസ് ചാൻസലർ നിയമന തർക്കത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് തീർപ്പാക്കി.തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മാധ്യസ്ഥതയിലാണ് മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരം കണ്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി. അശ്വതിയും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ കുമാറുമാണ് ഒത്തുതീർപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.