സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കും; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമ പ്രചാരണം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും സ്ഥാനാര്‍ഥികള്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നല്‍കുന്ന പരസ്യങ്ങള്‍ക്കും അനുമതി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കും മുന്‍പായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ (എംസിഎംസി)നിന്ന് മുന്‍കൂട്ടി അനുമതി വേണമെന്ന് നേരത്തേ കമ്മിഷന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതു സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും ബാധകമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും വെളിപ്പെടുത്തണം. പരസ്യത്തിനു ചെലവാകുന്ന തുകയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി 75 ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞു.