തുറപ്പുഗുലാനിലെ താരം; നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു
നെട്ടൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച 'നെല്ലിക്കോട്ട് മഹാദേവൻ' എന്ന ആന ചരിഞ്ഞു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്.
നെട്ടൂരിലെ ഉത്സവത്തിൽ പങ്കെടുപ്പിക്കാനായി എത്തിച്ചതായിരുന്നു ആനയെ. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഉത്സവത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. തുറുപ്പുഗുലാനില്‍ എന്ന സിനിമയില്‍ കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവന്‍.
പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ ആനയ്ക്ക് 55 വയസ്സായിരുന്നു പ്രായം. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ആന കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു നെല്ലിക്കോട്ട് മഹാദേവൻ.