തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു, കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തു; അറസ്റ്റ് നോട്ടീസ്

 

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അറസ്റ്റ് നോട്ടീസ്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും ശ്രീകോവിലിലെ സ്വർണക്കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശ ചെയ്തെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന നോട്ടീസിന്റെ പകർപ്പ് പുറത്തുവന്നു.

താന്ത്രിക വിധികൾ ലംഘിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ദേവന്റെ അനുവാദം വാങ്ങാതെ നടത്തിയ ഈ നടപടിക്കെതിരെ തന്ത്രി യാതൊരു തടസ്സവും ഉന്നയിച്ചില്ല. ദേവസ്വം ബോർഡ് പാളികൾ കൈമാറിയപ്പോൾ കുറ്റകരമായ മൗനാനുവാദം നൽകുകയും അവ കൊണ്ടുപോകാൻ സൗകര്യമൊരുക്കുകയും ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വഴിവിട്ട അവസരങ്ങൾ നൽകിയത് തന്ത്രിയാണെന്നും എസ്.ഐ.ടി കണ്ടെത്തി.

താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ ആദ്യ മൊഴി രേഖകൾ പരിശോധിച്ചതോടെ കളവാണെന്ന് തെളിഞ്ഞു. സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട മഹസർ റിപ്പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലും തന്ത്രി ഒപ്പിട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയായി. കണ്ഠരര് രാജീവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.