യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും സാബു ജേക്കബ്

 

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. സിപിഎം നേതാവ് പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണമായി ഇല്ലാതാകുമെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇത്തവണത്തെ പരാജയത്തോടുകൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാകും. വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളെ ഉണ്ടാവൂ. എന്‍ഡിഎയും യുഡിഎഫും. അങ്ങനെ വരുന്ന സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കും. എന്‍ഡിഎയ്ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫിന് എല്ലാവിധ ആശംസകളും നേരുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കണം. ഇടതുപക്ഷം ഇതുപോലെ തന്നെ ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു. അഞ്ചു വര്‍ഷം കാത്തിരുന്ന ശേഷം അധികാരത്തില്‍ നിന്ന് പോകുന്നതിന് ഒരു മാസം മുന്‍പാണ് ക്ഷേമ പെന്‍ഷന്‍ കൂട്ടി നല്‍കിയത്. ജനങ്ങളോട് എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അധികാരത്തില്‍ ഏറുന്ന അതേമാസം തന്നെ അതെല്ലാം നടപ്പാക്കണം'- സാബു ജേക്കബ് പറഞ്ഞു.