യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോണ്‍ഗ്രസിന്റെ ഈ വേദിയാണെന്ന് രാഹുല്‍ ഗാന്ധി
യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോണ്‍ഗ്രസിന്റെ ഈ വേദിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ കൂട്ടുകച്ചവടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെയായെന്നതിന്റെ തെളിവാണ് കണ്ണൂരിലെ രണ്ട് ഇടത് നേതാക്കള്‍ ഇവിടെ യുഡിഎഫ് സ്ഥാനാഥികളായി വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ണൂരിലെ 11 യുഡിഎഫ് സ്ഥാനാര്‍ഥികളെ വേദിയിലിരുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.