ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ
Oct 23, 2025, 12:45 IST
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്നും ധനമന്ത്രി.