തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ

 

 

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ റൗസ് അവന്യൂ ഡിസ്ട്രിക്റ്റ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ ഇതിനെല്ലാം മറുപടി നൽകുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.

2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ചെയ്ത് ആരോപണങ്ങൾ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിലെ ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും മുൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിടുകയായിരുന്നു.