പണം നൽകണമെന്നുള്ളവർ ഓർഡിനറിയിൽ കയറേണ്ട- മന്ത്രി സി.പി. ജോൺ
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീകളുടെ വൻ തിരക്ക് അനുഭവപ്പെടുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകൾ യാത്രചെയ്ത സ്ഥാനത്ത് പതിനാറാം തീയതി ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയർന്നു. സ്ത്രീകൾ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യയാത്ര നടപ്പിലാക്കിയ ഇനത്തിൽ സർക്കാർ കെഎസ്ആർടിസിക്ക് 2.46 കോടി രൂപ നൽകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് 384 സിറ്റി ഫാസ്റ്റുകൾ ഉള്ളത്. ഒരു ഓർഡിനറി ബസ്സുപോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും പകരം രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസ്സുകളിൽ പണംനൽകി യാത്രചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും പണം നൽകണമെന്ന് നിർബന്ധമുള്ളവർ ഓർഡിനറി ബസ്സുകളിൽ കയറാതിരിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.