തൃശ്ശൂർ വെടിക്കെട്ടപകടം: മരണസംഖ്യ ഉയരുന്നു; നാല് പേരെ കാണാനില്ലെന്ന് കളക്ടർ
മുണ്ടത്തിക്കോട് പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി അന്തരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 14 ആയി. അപകടസ്ഥലത്തുനിന്ന് നാല് പേരെ കാണാതായതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ പത്ത് പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മരിച്ചവരിൽ എട്ട് പേരെ തിരിച്ചറിഞ്ഞ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39), മലപ്പുറം ആലംകോട് സ്വദേശി മണികണ്ഠൻ (60), പെരിന്തൽമണ്ണ സ്വദേശി സുബ്രഹ്മണ്യൻ (50), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ് കൈമാറിയത്. ഇനിയും തിരിച്ചറിയാത്ത ഒരു മൃതദേഹവും നിരവധി ശരീരഭാഗങ്ങളും മോർച്ചറിയിൽ അവശേഷിക്കുന്നുണ്ട്. ഇവരുടെ കാര്യത്തിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
സ്ഫോടനത്തിന്റെ തീവ്രതയിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നിരുന്നു. അപകടത്തിൽപ്പെട്ട മുണ്ടത്തിക്കോട് സ്വദേശിയായ ലൈസൻസി സതീഷ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘവും പോലീസും പരിശോധന തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.