റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി
റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകൾക്കും ഒക്ടോബർ 27 മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി . ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ട്രെയിൻ യാത്രക്കാരായ സാധാരണക്കാരുടെ സുരക്ഷയും അനിഷ്ട സംഭവങ്ങൾ തടയുന്നതും സംബന്ധിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ നാമമാത്രമായ തുക അധികമായി നൽകി ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് മാത്രമാണ് റെയിൽവേയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. സാധാരണക്കാരും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുമായ ഭൂരിഭാഗം ആളുകളും കൗണ്ടറുകളിൽ നേരിട്ടെത്തിയാണ് ടിക്കറ്റുകൾ എടുക്കുന്നത്. ഇത്തരക്കാർക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനം ആവിഷ്കരിക്കാൻ നേരത്തെ നടന്ന വാദത്തിനിടെ കോടതി റെയിൽവേ അധികൃതർക്ക് സമയം നൽകിയിരുന്നു. എന്നാൽ, ഒക്ടോബർ ആറിന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു