പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ
പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘടനാപരമായ തെറ്റുകൾ തിരുത്താനും തിരുത്തൽ പ്രക്രിയ ഊർജ്ജിതമാക്കാനുമാണ് വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ ചേരുന്നത്.
എന്നാൽ സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണം നേരിടുന്ന സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാൻ പാർട്ടി നീക്കം നടത്തുന്നതായാണ് സൂചന.
ഡിജിറ്റൽ തെളിവുകൾ സഹിതം പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വി. ചെന്താമരാക്ഷനെയാണ് പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ ഭാഗമായ തിരുത്തൽ പ്രക്രിയയിൽ ഒരു ജില്ലാ സെക്രട്ടറിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റുന്നത് അപൂർവ്വ നടപടിയാണ്.