മെഡിക്കൽ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം: അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ നീക്കി ഹൈക്കോടതി

 

 

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സര്‍ക്കാര്‍ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും ട്രിബ്യൂണലിലെ ഹർജിയിൽ സ്ഥലം മാറ്റ ഉത്തരവ് ബാധിക്കുന്ന എല്ലാ ജീവനക്കാരെയും കക്ഷി ചേര്‍ത്തില്ലെന്നും കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം സര്‍ക്കാരിന്റെ അധികാരമാണെന്നും ഭരണ നിര്‍വ്വഹണത്തിന് ഡോക്ടര്‍മാരെ എവിടെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എല്ലാവരെയും കേട്ട ശേഷം ട്രൈബ്യൂണലിന് തീരുമാനമെടുക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്.