മദ്യവിൽപ്പന നടത്തണോ വേണ്ടയോ എന്ന് യുഡിഎഫ് സമിതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും ഇതിനായി ഒരു പ്രത്യേക മുന്നണി സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യവിൽപ്പന നടത്തണോ വേണ്ടയോ എന്ന് യുഡിഎഫ് സമിതി തീരുമാനിക്കും. മുന്നണി അനുമതി നൽകിയാൽ മാത്രം വിൽപ്പനയുമായി മുന്നോട്ടുപോകും, ഇല്ലെങ്കിൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബജറ്റിൽ നിശ്ചയിച്ച നികുതി ഘടനയിൽ മാത്രമായിരിക്കും ഈ മദ്യം വിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഫയലുകളുമായി കെ.പി.സി.സി നേതൃത്വത്തിന് മുന്നിലേക്ക് പോകാൻ താനില്ലെന്ന് മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങൾ പാർട്ടിയല്ല, മറിച്ച് മുന്നണിയാണ് ചർച്ച ചെയ്യേണ്ടതെന്ന കൃത്യമായ സൂചനയാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നത്. നയത്തിൽ മന്ത്രി കെ. ലിജു യാതൊരുവിധ അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനികുതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉന്നയിച്ച ആശങ്കകൾ വരും ദിവസങ്ങളിൽ യു.ഡി.എഫ് സമിതിയിൽ ചർച്ചയാകുമെന്നാണ് സൂചന.