നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കെ സുധാകരന്‍

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ 'തുടര്‍ഭരണം അവസാനിക്കില്ല' എന്ന് പറഞ്ഞെങ്കിലും തിരുത്തി തുടര്‍ഭരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ ആധിപത്യം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.