കുടിശ്ശിക ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വേഗത്തില്‍ അനുവദിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍
സമഗ്ര ശിക്ഷാ (എസ്എസ്‌കെ) പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,500 കോടി രൂപയുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വേഗത്തില്‍ അനുവദിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങളും ഫണ്ട് തടസ്സങ്ങളും യോഗത്തില്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കൈമാറിയതായും ഷംസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ കക്ഷികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് എന്‍ ഷംസുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തത്.