മെറ്റയ്ക്കെതിരെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി കോടതിയിൽ, മാനനഷ്ടക്കേസ് നൽകാൻ ഹൈക്കോടതി അനുമതി

 

 

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും ഡീപ്ഫേക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി മാനനഷ്ടക്കേസ് നൽകും. ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് അഭയ് അഹൂജ അടങ്ങിയ ബെഞ്ചാണ് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ ബ്ലെൻഡഡ് പെട്രോൾ) നയത്തിൽ നിന്ന് തനിക്കും കുടുംബത്തിനും കോടികൾ സാമ്പത്തിക നേട്ടമുണ്ടായെന്ന് തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഗഡ്കരി ഹർജിയിൽ ആരോപിച്ചു. തന്റെ വകുപ്പിന് കീഴിൽ വരുന്നതല്ല എഥനോൾ പോളിസിയെന്നും ഗഡ്കരി പറയുന്നു.

എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്, അല്ലാതെ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും അനുമതിയില്ലാതെ തന്റെ മുഖവും ശബ്ദവും എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും സിവില്‍ സ്യൂട്ടിലൂടെ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ 20 ശതമാനം ഇഥനോൾ കലർത്തിയ പെട്രോൾ (E20 Fuel) പദ്ധതിയിലൂടെ നിതിൻ ഗഡ്കരിയും കുടുംബവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളും കുറിപ്പുകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.