സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസ് പ്രസിഡന്റ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എട്ടുയുദ്ധങ്ങൾ അവസാനിപ്പിച്ചതാണ് തന്റെ നേട്ടമെന്നാണ് ട്രംപ് വീണ്ടും ആവർത്തിച്ചത്. മറ്റൊരു നേട്ടം കൂടി ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
''മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഞാൻ വീമ്പു പറയുകയല്ല. വസ്തുതകൾ മാത്രമാണ് പറയുന്നത്. എട്ട് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല''- ബുധനാഴ്ച വാഷിങ്ടണിൽ തിരിച്ചെത്തിയ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്ക് സമാധാന നൊബേലിന് അർഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് നേരത്തേയും പലതവണ പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്ഥാൻ, ഇസ്രയേൽ-ഇറാൻ, കംബോഡിയ-തായ്ലാൻഡ്, സെർബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ സംഘർഷങ്ങൾ പരിഹരിക്കാൻ താൻ ഇടപെട്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ യുഎസ് വാദങ്ങൾ ഇന്ത്യ തള്ളിയിരുന്നു. ഒരു മൂന്നാംകക്ഷിയുടെയും ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.